Saturday, April 28, 2007

ഭാഷാസംശയം

സിബുവിന്റെയും റാല്‍‌മിനോവിന്റെയും പോസ്റ്റുകള്‍ വായിച്ചപ്പോള്‍ തോന്നിയ, മലയാളഭാഷയെപ്പറ്റിയുള്ള, ചുമ്മാ കുറെ സംശയങ്ങള്‍:

1. എങ്ങിനെയൊക്കെയാണ് ഒരു ഭാഷ വളരുന്നത്?

2. മനസ്സില്‍ വരുന്ന ഭാഷ കൈവെച്ച് വിരലുകൊണ്ടോ പേനകൊണ്ടോ പേപ്പറിലെഴുതി അത് വായിച്ച് അത് പിന്നെയും മനസ്സില്‍ പതിപ്പിക്കുന്ന രീതിയാണോ ഭാഷ പഠിക്കാന്‍ ഏറ്റവും നല്ലത്?

3. മംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളത്തില്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ വായിച്ച് മലയാളത്തില്‍ തന്നെ അത് മനസ്സില്‍ ആക്കിയാല്‍ അത് ഭാഷയുടെ പഠനത്തെയും വളര്‍ച്ചയെയും സഹായിക്കുമോ? അതോ പണ്ടൊക്കെ നമ്മള്‍ പഠിച്ചതുപോലെ മണലിലും സ്ലേറ്റിലുമൊക്കെ എഴുതിത്തന്നെ പഠിക്കണോ?

4. റാല്‍‌മിനോവ് പറഞ്ഞതുപോലെ c h a-cha, c h a-cha, c h a-cha എന്ന രീതിയില്‍ അക്ഷരങ്ങള്‍ പഠിക്കുന്ന ഒരു തലമുറ ഉണ്ടാവുമോ, നമ്മള്‍ മലയാള അക്ഷരങ്ങളുപയോഗിച്ചുള്ള എഴുത്ത് പൂര്‍ണ്ണമായും ഉപേക്ഷിച്ചാല്‍? “ച” എന്ന് സ്ക്രീനില്‍ വായിക്കണമെങ്കില്‍ cha എന്ന് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യണം എന്ന് പഠിപ്പിക്കാന്‍ തുടങ്ങുമോ സ്കൂളുകളില്‍? അത് നല്ലതിനോ ചീത്തയ്ക്കോ?

5. കൈകൊണ്ടുള്ള മലയാളം എഴുത്തും മലയാളം കീബോഡിലുള്ള മലയാളം ടൈപ്പിംഗും മലയാളഭാഷയുടെ വളര്‍ച്ചയെ ഒരേ രീതിയിലാണോ സഹായിക്കുന്നത്? ഏതാണ് മെച്ചം? ഏതാണ് പ്രായോഗികം?

6. പേനകൊണ്ടുള്ള എഴുത്തിന്റെ കാലം കഴിഞ്ഞോ?

7. കൂടുതല്‍ ആള്‍ക്കാര്‍ ഭാഷ ഉപയോഗിക്കുമ്പോഴാണോ ആ ഭാഷ വളരുന്നു എന്ന് പറയുന്നത്?- അങ്ങിനെയാണെങ്കില്‍ കൂടുതല്‍ ആള്‍ക്കാര്‍ വായിക്കുമ്പോളാണോ കൂടുതല്‍ ആള്‍ക്കാര്‍ എഴുതുമ്പോളാണോ കൂടുതല്‍ ആള്‍ക്കാര്‍ പറയുമ്പോളാണോ, അതോ ഇതെല്ലാം കൂടി ചേരുമ്പോഴാണോ ഭാഷയുടെ ശരിക്കുള്ള വളര്‍ച്ച? ഇവയിലേതെങ്കിലും ഒന്ന് ശരിയായ രീതിയിലല്ലെങ്കില്‍ ഭാഷയുടെ വളര്‍ച്ചയും ശരിയായ രീതിയിലല്ലാതാവുമോ? എന്തൊക്കെയാണ് ഈ ശരിയായ രീതികള്‍?

ഇതില്‍ പലതിന്റെയും ഉത്തരം ദേവേട്ടനുള്‍പ്പടെ പലരും പലയിടത്തും പറഞ്ഞതാണെന്ന് തോന്നുന്നു, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ബ്ലോഗിലും ജ്യോതിടീച്ചറിന്റെ ബ്ലോഗിലും മറ്റും. ചുമ്മാ തോന്നിയത് ചുമ്മാ എഴുതി. അത്രേള്ളൂ.

Labels: , , ,

Monday, December 04, 2006

ഗ്രാഫിന്റെ നോര്‍മലൈസേഷന്‍ എന്താണെന്നറിയാമോ?

എന്താണ് നോര്‍മലൈസേഷന്‍ കൊണ്ടുദ്ദേശിക്കുന്നതെന്ന് ഒന്ന് വ്യക്തമാക്കാമോ?-പ്രധാനമായും ഗ്രാഫുകളുടെ കാര്യത്തില്‍.

ഞാന്‍ വായിച്ചതില്‍നിന്നും മനസ്സിലായത് എനിക്ക് രണ്ട് ഗ്രാഫുകള്‍; രണ്ടിന്റെയും ഡാറ്റാ, രണ്ട് വ്യത്യസ്ത രീതിയില്‍ എടുത്തത്; അവ രണ്ടും താരതമ്യം ചെയ്യണമെങ്കില്‍ അവ നോര്‍മലൈസ് ചെയ്യണം-ഇത് ശരിയാണോ?

ആണെങ്കില്‍ രണ്ട് ഗ്രാഫുകള്‍ എങ്ങിനെയാണ് നോര്‍മലൈസ് ചെയ്യുന്നത്? ഏതെങ്കിലും ഒരു പോയിന്റ് 1 ആക്കി, അത് 1 ആക്കാന്‍ ഏത് സംഖ്യ (ഡാറ്റ) കൊണ്ട് ഡിവൈഡ് ചെയ്‌തോ, അതുകൊണ്ട് തന്നെ രണ്ട് ഗ്രാഫുകളുടെയും മൊത്തം ഡാറ്റയും ഡിവൈഡ് ചെയ്ത്, അങ്ങിനെയുണ്ടാകുന്ന ഗ്രാഫുകള്‍ താരതമ്യം ചെയ്യുന്നതാണോ?

അതോ അല്ലേ?

അറിയാവുന്നവര്‍ സൌകര്യം പോലെ പറഞ്ഞുതന്നാല്‍ വളരെ ഉപകാരം. ഗൂഗിള്‍ മുഴുവന്‍ തപ്പിയിട്ടും നോര്‍മലൈസ് ചെയ്തു എന്ന് പറയുന്നതല്ലാതെ എങ്ങിനെ ചെയ്തു എന്ന് കിട്ടിയില്ല.

ഞാന്‍ പ്രധാനമായും ഗ്രാഫുകളുടെ (സ്പെക്ട്രോസ്കോപ്പി മുതലായവ) നോര്‍മലൈസേഷന്‍ ആണ് ഉദ്ദേശിച്ചത്. ഏത് നോര്‍മലൈസേഷന്റെ വിശദീകരണം ആയാലും കുഴപ്പമില്ല. നോര്‍മലൈസേഷന്റെ ബേസിക് കണ്‍‌സെപ്റ്റും എനിക്ക് ശരിക്കെന്നല്ല, ഒട്ടും അറിയില്ല.

വളരെ നന്ദി.